2009, മാർച്ച് 31, ചൊവ്വാഴ്ച

പ്ലസ് ടു പ്രണയം

എഞ്ചിനീയറിങ് മൂന്നാം കൊല്ലം.. അസ്സൈന്‍മെന്‍റ്, സെമിനാര്‍, സര്‍വ്വേ ക്യാമ്പ് അങ്ങനെ നിന്ന് തിരിയാന്‍ നേരമില്ല. അപ്പോളാണ് കസിന്‍റെ കല്യാണം വരുന്നത്.. "ഞാനൊന്നും വരുന്നില്ല" ഞാന്‍ അമ്മയോട് പറഞ്ഞു.. "എടാ നീ വരണം.. എന്നാലേ നിന്നെ ആള്‍ക്കാര്‍ ഒക്കെ കാണൂ..ഇല്ലെങ്കില്‍ കല്യാണം ഒക്കെ എങ്ങനെ വരും" അമ്മ എന്നോട് പറഞ്ഞു.

എങ്കില്‍ ശരി പോയിക്കളയാം..

അങ്ങനെ കല്യാണദിനം വന്നെത്തി.. പീറ്റര്‍ ഇംഗ്ലണ്ട് ഷര്‍ട്ടും, ഇന്‍ഡിഗോ നേഷന്‍ പാന്‍റ്സും ഒക്കെ ഇട്ടു, മുഖത്ത് ഫെയര്‍ ആന്‍ഡ് ലൗലിയും തേച്ചു സുന്ദരനായി ഞാന്‍ കല്യാണത്തിനു ചെന്നു.

പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം വെളിയില്‍ ഇറങ്ങിയപ്പോള്‍ ആണ് ഞാന്‍ ആ മുഖം ശ്രദ്ധിച്ചത്.

ഇനി ഫ്ലാഷ് ബാക്ക് ശൂം...

പതിനൊന്നാം ക്ലാസ്... എ.സി.എസ് കോച്ചിംഗ് സെന്‍റെറിലെ എന്ട്രന്‍സ് കോച്ചിംഗ് ദിനങ്ങള്‍. തോമസ് സാറിന്‍റെ ഫിസിക്സ് ക്ലാസ്സിലെ ആദ്യത്തെ പരീക്ഷ എഴുതാന്‍ തയ്യാറായി ഇരിക്കുമ്പോളാണ് വാതിലിനരികില്‍ ഞാന്‍ അവളെ കാണുന്നത്.

പുതിയ കുട്ടി…

അവളെ കണ്ട മാത്രയില്‍ ആയിരം മാലാഖമാര്‍ എനിക്ക് ചുറ്റും നിന്ന് പാടി.

"ആഹഹാ... ഇവള്‍ നിന്‍റെ പെണ്ണ്
ആഹഹാ.. ഇവള്‍ നിന്‍റെ സ്വന്തം.
ഓഹോഹോ.. ഇവള്‍ എന്നും നിന്‍റെ മാത്രം..."

എത്ര സുഖകരമായിരുന്നു ആ നിമിഷം. തലയില്‍ ഒരു വെള്ളിടി വെട്ടിയതിന്റെ സുഖം.

പിന്നീടുള്ള ദിവസങ്ങളില്‍ അവളെ കാണാനായി മാത്രമായിരുന്നു ഞാന്‍ ക്ലാസ്സില്‍ പോയിരുന്നത്..

അവളുടെ പേര് കണ്ടു പിടിക്കണം. അതിനെന്താ ഒരു വഴി?? എന്‍റെ ബുദ്ധിയില്‍ തെളിയാത്ത വഴികളുണ്ടോ.. സര്‍ അറ്റന്റന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കുറച്ചു തവണ മിസ്സ് ആയെങ്കിലും ഇരുപത്തി രണ്ടാം ദിവസം അവളുടെ പേര് കണ്ടു പിടിച്ചു.

"മേഘ"

ആഹ... എത്ര സുന്ദരമായ പേര്. മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തത് പോലെ..

ഇനി അടുത്ത നടപടിയായി എന്‍റെ പ്രേമം അവളെ അറിയിക്കണം. അതിനെന്താ ഒരു മാര്‍ഗം??

പല വഴികള്‍ ഞാന്‍ ചിന്തിച്ചു.

പ്രേമലേഖനം എഴുതി ബുക്കിന്‍റെ ഇടയില്‍ വച്ചാലോ.. ഏയ് അത് വേണ്ട.. വീട്ടില്‍ കണ്ടാല്‍ കലിപ്പാകും..

കൂട്ടുകാരനെ കൊണ്ട് പറയിച്ചാലോ.. ഏയ്.. ഞാന്‍ ധൈര്യം ഇലാത്തവനാണെന്നു കരുതും..

നേരിട്ട് പറയുക തന്നെ നല്ല വഴി..

അങ്ങനെ അതിനു വേണ്ടി ഞാന്‍ തയ്യാറെടുത്തു. അടുത്ത ദിവസം അവളെ കണ്ടു. ഞാന്‍ അവളുടെ മുന്നില്‍ ചെന്നു. പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല.. ഇത് രണ്ടു മൂന്നു ദിവസം തുടര്‍ന്നു. പ്രശ്നം എന്‍റേതല്ല.

അവളെ കാണുമ്പോള്‍ എന്‍റെ ശ്വാസം നില്‍ക്കും, ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കും, തൊണ്ട വരളും. അത്ര സുന്ദരി ആയിരുന്നു അവള്‍.

അങ്ങനെ ഒന്നും സംഭവിക്കാതെ സംബവബഹുലമായ ആ വര്‍ഷം കഴിഞ്ഞു പോയി…


ഫ്ലാഷ് ബാക്ക് ഇവിടെ അവസാനിക്കുന്നു. ശൂം...

അവള്‍.. ആ ഭൂലോക സുന്ദരി.. ഒരിക്കല്‍ കൂടി എന്‍റെ മുന്നില്‍..

എന്‍റെ തൊണ്ട വരളാന്‍ തുടങ്ങി.
ഞാന്‍ എന്നോട് തന്നെ പറഞ്ഞു, "ഇതല്ല മിണ്ടാതെ നില്‍ക്കാനുള്ള സമയം. ഇത് ദൈവം നിനക്ക് തന്ന രണ്ടാം ഊഴം ആണ്. പോകൂ.. പോയി മുട്ടൂ.."

ഞാന്‍ ഒരു ദീര്‍ഖശ്വാസം എടുത്തു അവളുടെ മുന്നിലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു,

"ഹായ്.. കുട്ടി എ.സി.എസില്‍ പഠിച്ചിരുന്ന മേഘയല്ലേ?”
"അതെ"
"എന്നെ ഓര്‍മ്മയുണ്ടോ? ഞാനും അവിടെ പഠിച്ചിരുന്നതാ.. പേര് മാത്യു."
"ഹാ എനിക്കറിയാം.. ഇയാള്‍ അന്നൊന്നും എന്നോട് സംസാരിക്കാറേ ഇല്ലാരുന്നല്ലോ."

അമ്പടി കള്ളീ.. അപ്പോള്‍ നിനക്കും എന്നോട് സംസാരിക്കണം എന്നുടായിരുന്നു അല്ലെ.. ഗൊച്ചു ഗള്ളി..

ഞാന്‍ പറഞ്ഞു "ഞാന്‍ അന്നൊരു അന്തര്‍മുഖന്‍ ആയിരുന്നു,,"

"എനിക്ക് അങ്ങനത്തെ ആളുകളെ വളരെ ഇഷ്ടമാണ്" അവള്‍ പറഞ്ഞു..

ഈശ്വരാ.. പോസ്റ്റിനു തൊട്ടടുത്ത്‌ വരെ എത്തിയല്ലോ.. ഇനി ഗോള്‍ അടിച്ചാല്‍ മതി. മനസ്സ് തുറക്കാന്‍ പറ്റിയ സമയം.

ഞാന്‍ എന്‍റെ മനസ്സ് തുറക്കാന്‍ വേണ്ടി വായ തുറക്കുന്നതിനു മുന്പ് അവള്‍ അടുത്ത് നില്‍ക്കുന്ന ആളെ കാട്ടികൊണ്ട് പറഞ്ഞു "ഇതും ഒരു അന്തര്‍മുഖനാണ്.. എന്‍റെ ഹസ്ബന്‍ട് ജിനു. ദുബായില്‍ വര്‍ക്ക് ചെയ്യുവാ.. ഞങ്ങള്‍ ഈ മാര്യേജ്-ഇന് വേണ്ടി വന്നതാ.."

"ഹലോ" ആ സുമുഖന്‍ പറഞ്ഞു.
"ഹലോ.. എന്നെ ആരോ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു.."

തുറക്കുന്നതിനു മുന്‍പേ തകര്‍ന്ന മനസ്സും വാരിപ്പിടിച്ചു ഞാന്‍ അവിടെ നിന്ന് വലിഞ്ഞു..

ശ്രദ്ധിക്കൂ..ഈ കഥയിലെ പേരുകള്‍ ഒന്നും ശരിയായിട്ടുള്ളതല്ല, എന്റെ പേര്‍ ഒഴിച്ച്.

9 അഭിപ്രായങ്ങൾ:

  1. ഹ ഹ ഹ.. കലക്കി. നല്ല പോസ്റ്റ്.
    മാര്‍ഘം അല്ല, മാര്‍ഗം ആണു ശരി.

    മറുപടിഇല്ലാതാക്കൂ
  2. പണ്ടേ തുറന്നു പറയാതിരുന്നത് കഷ്ടമായി. എങ്കിലും മനസ്സ് കല്യാണ വീട്ടില്‍ വച്ച് തുറക്കാഞ്ഞതും നന്നായി.

    മറുപടിഇല്ലാതാക്കൂ
  3. കുമാരേട്ടാ തെറ്റ് തിരുത്തിയിട്ടുണ്ട്..ചൂണ്ടിക്കാട്ടിയതിനു നന്ദി., താങ്കളുടെ കമന്റിനും

    മറുപടിഇല്ലാതാക്കൂ
  4. ശ്രീ ചേട്ടാ.. കമന്‍റ്-ഇനു നന്ദി..

    മറുപടിഇല്ലാതാക്കൂ
  5. ഡാ ics l ഞാന്‍ അറിയാത്ത ഏതു മേഘ ആടാ ഉണ്ടായിരുന്നത്

    മറുപടിഇല്ലാതാക്കൂ
  6. @Subin

    ലാസ്റ്റ് ലൈന്‍ വായിക്കൂ ബ്രദര്‍....

    ശ്രദ്ധിക്കൂ..ഈ കഥയിലെ പേരുകള്‍ ഒന്നും ശരിയായിട്ടുള്ളതല്ല, എന്റെ
    പേര്‍ ഒഴിച്ച്.

    മറുപടിഇല്ലാതാക്കൂ
  7. thudarnnum ezhuthanam... puthiya posts-inu vendi kaathirikkunnu...

    മറുപടിഇല്ലാതാക്കൂ