2009, മാർച്ച് 24, ചൊവ്വാഴ്ച

വനമാല

ഒരു പ്രഭാതത്തിന്‍റെ ഉന്‍മേഷമായോ, ഉച്ചസൂര്യന്‍റെ തേജസ്സയോ, ഒരിളം കാറ്റ് വൈകുന്നേരങ്ങളില്‍ കൊണ്ടു വരുന്ന പ്രസന്നതയായോ, ഒരു നിലാവിന്‍റെ കുളിരായോ അവളെ വിശേഷിപ്പിക്കാം. എന്തെന്നാല്‍ എന്‍റെ ഒരു ദിനം തുടങ്ങുന്നതും നീങ്ങുന്നതും അവസാനിക്കുന്നതും അവളിലൂടെ ആയിരുന്നു.

പകല്‍ മുഴുവന്‍ എന്‍റെ പേന എഴുതുന്നത് അവളുടെ പേരായിരുന്നു. രാവുകളില്‍ എന്‍റെ പുതപ്പ് അവളായി മാറി എന്‍റെ കിന്നാരം കേട്ട് പുഞ്ചിരി പൊഴിക്കുമായിരുന്നു.

ഞാന്‍ ഒരു പന്ത്രണ്ടാം ക്ലാസുകാരനെ പോലെ തോന്നിക്കുകയാണെങ്കില്‍ ക്ഷമിക്കുക. ആ ദിനങ്ങളിലൂടെ മനസ്സ് കൊണ്ട് കടന്നു പോകുകയാണ് ഞാന്‍ ഇപ്പോള്‍.

ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ എല്ലാം മനസ്സില്‍ ഓരോ സുന്ദരികളും. എന്‍റെ മനസ്സില്‍ കയറിക്കൂടിയതിവള്‍ ആയിരുന്നു, എതിര്‍ വശത്തുള്ള കെട്ടിടത്തിലെ വെളുത്തു മെലിഞ്ഞ സുന്ദരി.

ഇടവേളകളില്‍ അവള്‍ വരാന്തയില്‍ വന്നു നില്‍ക്കുമ്പോള്‍ ഹാജര്‍ രേഖപ്പെടുത്താന്‍ എന്ന പോലെ ഇപ്പുറത്തെ വരാന്തയില്‍ ഞാനും പ്രത്യക്ഷപ്പെടുമായിരുന്നു.

അവള്‍ വന്നാലുടനെ എന്‍റെ കൂട്ടുകാര്‍ എന്നോട് പറയും "വന്നല്ലോ വനമാല..!!!". അങ്ങനെ ഞങ്ങള്‍ അവളെ വനമാല എന്ന് വിളിക്കാന്‍ തുടങ്ങി.

എല്ലാ ഇന്ടെര്‍വലിലും ഞാന്‍ അവളെ നോക്കി നില്‍ക്കുന്നത് അവളും ശ്രദ്ധ്ചിട്ടുണ്ടെന്നു തോന്നുന്നു. അവള്‍ ഇടയ്ക്കു വളരെ മനോഹരമായ ഒരു നോട്ടം എനിക്ക് സമ്മാനിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ഉച്ചക്ക് അവള്‍ വീട്ടില്‍ പോയി ഊണ് കഴിച്ചിട്ട് വരുമ്പോള്‍ ഞാന്‍ അവളെ കാണാറുണ്ട്. അപ്പോള്‍ അവളുടെ ചുണ്ടില്‍ പൊട്ടി വിടരുന്ന പുഞ്ചിരി പുറത്ത് കാണിക്കണോ വേണ്ടയോ എന്ന സംശയത്തെയും ഞാന്‍ ആസ്വദിക്കാറുണ്ടായിരുന്നു.

അവളെ കാണുമ്പോള്‍ എല്ലാം വിജയ് യേശുദാസ് എന്‍റെ മനസ്സിലിരുന്നു പാടുമായിരുന്നു,

"വെള്ളതുമ്പപ്പൂ പറിക്കാന്‍
തോട്ടുവക്കില്‍ പോകുമ്പൊള്‍
നാട്ടുമാവിന്‍ ചോട്ടില്‍ വച്ചെന്‍റെ
മനസ്സ് ചോദിച്ച പെണ്ണാളെ
കാശിതെറ്റി പറച്ചരച്ചിട്ടു
മിഴി മിനുക്കുവതെന്തേ നീ
അതിനകത്തൊളിച്ചിരിക്കണ
കറുത്ത കാക്കക്കണ്ണാട്ടാനോ"

അല്ലെങ്കില്‍ വിജയ് യേശുദാസിന്‍റെ ജോലി ഞാന്‍ ഏറ്റെടുത്തിട്ട് ഞാന്‍ തന്നെ മൂളുമായിരുന്നു, പക്ഷെ അവള്‍ കേള്‍ക്കാത്ത വണ്ണം. ഞാന്‍ ഒരു പൂവാലന്‍ ആണെന്ന് അവള്‍ ധരിച്ചാലോ..

ഒരിക്കല്‍ എന്‍റെ സുഹൃത്ത് സൂരജ് എന്നോട് പറഞ്ഞു "എടാ അവള്‍ക്കു നിന്നോട് എന്തോ.. ഒരിത് ഉണ്ടെന്നു തോന്നുന്നു."

"എന്തുണ്ടെന്ന്?" ഞാന്‍ ചോദിച്ചു.

"നിന്നെ കാണുമ്പോള്‍ അവളുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം ശ്രദ്ധിച്ചില്ലേ.. അവളെ കാണുമ്പോള്‍ നിനക്കുണ്ടാകുന്ന അതേ ഭാവമാണ് അവളുടെ മുഖത്തും"

"എടാ അവള്‍ക്കു എന്നെ ഇഷ്ടമാണോ എന്ന് ഞാന്‍ എങ്ങനാ ഒന്നറിയുക?" ഞാന്‍ ചോദിച്ചു.

സൂരജ് ഒന്നാലോചിച്ചിട്ട് പറഞ്ഞു "നമ്മള്‍ കെമിസ്ട്രി ലാബില്‍ പോകുമ്പൊള്‍ അവള്‍ അവിടെ നില്‍ക്കുന്നത് കാണാറുണ്ടല്ലോ.. അപ്പോള്‍ നീ നൈസ് ആയിട്ട് ഒരു പേപ്പര്‍ ഡ്രോപ്പ് ചെയ്യണം, എന്നിട്ടറിയാത്ത മട്ടില്‍ നടക്കണം. അപ്പോള്‍ അവള്‍ അതെടുത്ത് തരും.. പക്ഷെ നീ അത് വാങ്ങരുത്..പറയണം.
'ഇത് തനിക്കു വേണ്ടിയുള്ളതാ..'
ആ പേപ്പറില്‍ നീ എഴുതണം ഐ ലവ് യു എന്ന്..."

ശ്ശോ ഇവന്റെ ഒരു ബുദ്ധി.. ഇത്ര ബുദ്ധി ഉള്ള ഇവന്‍ എങ്ങനെ ആണോ കണക്കിന് തോറ്റത്.

പിന്നീടുള്ള ദിവസങ്ങള്‍ തയ്യാറെടുപ്പിന്‍റെതായിരുന്നു. കണ്ണാടിയുടെ മുന്നില്‍ നിന്ന് പലവട്ടം പല രീതിയില്‍ പറഞ്ഞു നോക്കി

"ഇത് തനിക്കുള്ളതാണ്"
"ഇത് തനിക്കു വേണ്ടിയാ"
"കുട്ടി വച്ചോളൂ.. ഇത് കുട്ടിക്കാണ്"

ഒടുവില്‍ തീരുമാനിച്ചു.. ചെറുതായി ഒന്ന് ചെരിഞ്ഞു, മോഹന്‍ ലാലിനെ പോലെ കണ്ണുകളില്‍ ഒരു കുസൃതിത്തിളക്കവുമായി പറയുക

"ഇത്.. താന്‍ വച്ചോളൂ.. സൗകര്യം പോലെ ആലോചിച്ചു മറുപടി തന്നാല്‍ മതി.. ഞാന്‍ കാത്തിരിക്കും.."

എത്ര ശ്രമിച്ചാലും നല്ല കൈയ്യക്ഷരത്തില്‍ എഴുതാന്‍ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ട് junction-ഇലെ കടയില്‍ നിന്നൊരു stencil-ഉം തിളങ്ങുന്ന ചുവപ്പ് മാഷിയുള്ള ഒരു പേനയും വാങ്ങി.

പിന്നീട് അരമണിക്കൂര്‍ നേരത്തെ വെട്ടലിനും കീറലിനും ശേഷം എഴുതി

I LOVE YOU
അങ്ങനെ ആ ദിനം വന്നെത്തി.. കെമിസ്ട്രി ലാബിലേക്ക് പോകുന്ന വഴി ഞാന്‍ അവളെ കണ്ടു... ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുത്തു ...
എന്നിട്ട് നേരെ നടന്നു ലാബില്‍ കയറി.. എന്റെ പുറകെ വന്ന സൂരജ് ചോദിച്ചു "പേപ്പര്‍ ഇട്ടില്ലേ"
ഞാന്‍ പറഞ്ഞു "ധൈര്യം വന്നില്ല"

"ധൈര്യം വന്നില്ല പോലും.. തിരിച്ചു പോകുമ്പൊള്‍ പുല്ലേ പേപ്പര്‍ ഇട്ടില്ലെങ്കില്‍ നിന്നെ ഞാന്‍ പൊട്ടിക്കും.."

അവന്‍ പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യും. അവന്‍റെ തല്ലിനെ കുറിച്ചുള്ള പേടിയല്ല. എന്‍റെ ലൈഫിന്‍റെ കാര്യമല്ലേ.. അത് കൊണ്ട് പേപ്പര്‍ ഇടണം..

ലാബ്‌ കഴിഞ്ഞു. എല്ലാവരും ഇറങ്ങി.. സൂരജും പോയി. ഏറ്റവും ഒടുവിലായി ഞാനും ഇറങ്ങി.. അവള്‍ അവിടെ നില്‍പ്പുണ്ട്.. ഞാന്‍ നടന്നു.

അവളുടെ അടുത്തെത്തി.. എന്‍റെ കൈ ചെറുതായി വിറയ്ക്കുന്നുണ്ടോ..? തോന്നലായിരിക്കും.. പതുക്കെ റെക്കോര്‍ഡ് ബുക്കിന്റെ ഇടയില്‍ നിന്ന് ഞാന്‍ ആ പേപ്പര്‍ താഴെ ഇട്ടു. എന്നിട്ട് നടന്നു പോയി..

ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ, പിന്നില്‍ നിന്നും ഒരു വിളി.

"ചേട്ടാ ദാ ഈ പേപ്പര്‍"

ഞാന്‍ തിരിഞ്ഞു.. മോഹന്‍ലാലിന്‍റെ കുസൃതി നിറഞ്ഞ നോട്ടത്തിനു പകരം ഒരു മാതിരി പ്രേതത്തെ കണ്ട പോലെയുള്ള നോട്ടമായിരുന്നു എന്‍റെ മുഖത്തപ്പോള്‍.. ഒരു വാക്ക് പോലും വായില്‍ നിന്ന് പുറത്ത് വന്നില്ല.

ഞാന്‍ തിരിഞ്ഞോടി.. എന്‍റെ ക്ലാസ്സില്‍ കയറി ജനലിലൂടെ നോക്കി.. അവള്‍ അത് വായിക്കുന്നുണ്ട്.. അവളും അവളുടെ കൂട്ടുകാരിയും കൂടി വരുന്നു.. അതെ, അവര്‍ ഇങ്ങോട്ട് തന്നെയാ വരുന്നത്.

ക്ലാസ്സിനുള്ളില്‍ ഒരു സീന്‍ ഉണ്ടാകണ്ട എന്ന് കരുതി ഞാന്‍ വെളിയില്‍ ഇറങ്ങി നിന്നു. അവള്‍ ആ പേപ്പര്‍ എനിക്ക് തന്നിട്ട് പറഞ്ഞു.

"ചേട്ടനോട് എനിക്കങ്ങനെ തോന്നുന്നില്ല. നമുക്ക് നല്ല ഫ്രണ്ട്സ് ആയാലോ?"

'നിറം' സിനിമയില്‍ കുന്‍ചാക്കൊ ബോബന്‍റെയും ശാലിനിയുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴുതി വീഴുന്ന രംഗം മനസ്സില്‍ കണ്ടു കൊണ്ട് ഞാന്‍ പറഞ്ഞു..

"അപ്പോള്‍ ഇന്ന് മുതല്‍ നമ്മള്‍ ഫ്രണ്ട്സ്.."

ഞാന്‍ കൈ നീട്ടി. ആ കൈ പിടിച്ചു കുലുക്കി അവള്‍ സമ്മതിച്ചു.

"ചേട്ടാ നമ്മള്‍ ഫ്രണ്ട്സ് ആയ സ്ഥിതിക്ക് എനിക്കൊരുപകാരം ചെയ്യുമോ?"
അവള്‍ ചോദിച്ചു..

"ഒരുപകാരമോ.. ഒരന്പതെണ്ണം ചെയ്യാം.. പറയൂ.."

"ചേട്ടന്റെ കൂടെ നടക്കുന്ന സൂരജേട്ടനില്ലേ.. ആ പുള്ളിയെ എനിക്ക് വലിയ ഇഷ്ടമാ.. ഞങ്ങളെ ഒന്ന് കണക്ട് ചെയ്തു തരുമോ?"

"ഐ ആം സോറി..എനിക്ക് പെണ്‍കുട്ടികളുടെ ഫ്രണ്ട്ഷിപ്പില്‍ വിശ്വാസമില്ല.."
ഞാന്‍ തിരിഞ്ഞു നടന്നു.

എനിക്ക് കാര്യങ്ങള്‍ മനസ്സിലായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ...

എന്‍റെ സന്തതസഹചാരിയായ സൂരജിനെ കാണുമ്പോള്‍ അവളുടെ മുഖത്തുണ്ടാകുന്ന വികാരങ്ങളെയാണ് ഞാന്‍ എന്നെക്കുറിച്ചെന്നു തെറ്റിദ്ധരിച്ചത്..

"എടാ സൂരജെ...!!"

4 അഭിപ്രായങ്ങൾ: