2009, ഏപ്രിൽ 8, ബുധനാഴ്‌ച

എന്‍റെ തല

ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ എന്‍റെ കഴുത്തിനു മുകളില്‍ ഉള്ളതാണ് എന്‍റെ തല. തലവേദനയായും, മുടികൊഴിച്ചില്‍ ആയും, താരനായും മറ്റും ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുന്ടെന്കിലും ഞാന്‍ എന്‍റെ തലയെ സ്നേഹിക്കുന്നു.
പല രീതിയില്‍ ചീകിയ മുടി കൊണ്ട് പലരെയും അമ്പരപ്പിക്കാന്‍ എന്നെ സഹായിച്ചത് എന്‍റെ തലയാണ്. അരിയര്‍ ആയി കിടന്ന പേപ്പറുകള്‍ എല്ലാം ഒറ്റയടിക്ക് പോക്കാന്‍ എന്നെ സഹായിച്ചതും ഈ തല തന്നെ. ദുഃഖം വരുമ്പോള്‍ തലയിലടിക്കാനും, കണ്‍ഫ്യൂഷന്‍ വരുമ്പോള്‍ തല ചൊറിയാനും, fustration വരുമ്പോള്‍ മുടി വലിച്ചു പറിക്കാനും ഈ തല തന്നെയാണ് എന്നെ സഹായിക്കുന്നത്.
എല്ലാ മാസവും ഓരോ മുടി വെട്ടല്‍ സെഷനും, ഓയില്‍ മസാജും ഞാന്‍ എന്‍റെ തലയ്ക്കു കൊടുക്കാറുണ്ട്. പോരാത്തതിന് ഷാമ്പൂ, ഹെയര്‍ ജെല്‍ തുടങ്ങിയ വസ്തുക്കളാല്‍ ഞാന്‍ എന്‍റെ തലയെ മനോഹരമായി സൂക്ഷിക്കാറുണ്ട്.
ഇത്ര നാളും ഞാന്‍ കരുതിയിരുന്നത് എന്‍റെ തലയെ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് ഞാന്‍ ആണെന്നായിരുന്നു. പക്ഷെ ഇന്നുണ്ടായ ഒരു സംഭവം അതിനെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

ആ സംഭവം ഞാന്‍ ഇവിടെ വിവരിക്കാം.
ഞാനും എന്‍റെ സുഹൃത്തും ബൈക്കില്‍ ഒരിടത്തേക്ക് പോകുകയായിരുന്നു. വഴിയില്‍ ഞങ്ങളെ തടഞ്ഞ ഒരു ട്രാഫിക് പോലീസുകാരന്‍ "Riding without helmet" എന്ന ചാര്‍ജില്‍ എനിക്ക് നൂറു രൂപ പെറ്റി അടച്ചു.
അപ്പോളാണ് എനിക്ക് മനസ്സിലായത്‌ എന്നെക്കാള്‍ അധികം എന്‍റെ തലയെ സ്നേഹിക്കുന്നത് സര്‍ക്കാര്‍ ആണെന്ന്.
ചിലപ്പോള്‍ എന്‍റെ പോസ്സെസീവ്നെസ്സ് ആയിരിക്കാം. പക്ഷെ എന്നേക്കാള്‍ അധികം എന്‍റെ തലയെ മറ്റാരെങ്കിലും സ്നേഹിക്കുന്നത് എനിക്കിഷ്ടമില്ല. എന്തെന്നാല്‍ അതെന്റെ സ്വന്തം, എന്‍റെ "മാത്രം" തല ആകുന്നു.
മറ്റാര്‍ക്കും ഉപദ്രവമില്ലാതെ ബൈക്കില്‍ പോകുന്ന ഒരാള്‍ അയാളുടെ സ്വന്തം സുരക്ഷിതത്ത്വം ഉറപ്പു വരുത്തിയില്ല എന്നത് കൊണ്ട് അയാളെ ശിക്ഷിക്കുന്നത് ശരിയാണോ? അത് വ്യക്തിസ്വാതന്ത്ര്യത്തിലെക്കുള്ള കടന്നുകയറ്റം അല്ലെ? ജനങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ ഒരാള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്ത അല്ലെങ്കില്‍ താത്പര്യപ്പെടാത്ത ഒരു സുരക്ഷ ഉപകരണം അയാളില്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീക്കരിക്കാനാവില്ല.
ഒരാളുടെ ശരീരവും, ജീവനും, ജീവിതവും അയാളുടെ മാത്രമാണ്. അതങ്ങനെ തന്നെ ആയിരിക്കണം. മറ്റൊരാള്‍ക്ക് ഉപദ്രവമുണ്ടാക്കാതെ അതെങ്ങനെ ഉപയോഗിക്കാനും അയാള്‍ക്കവകാശം ഉണ്ടായിരിക്കണം. ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു തീര്‍ക്കണോ, തനിക്കാവശ്യമില്ലാത്ത സുരക്ഷാ ഉപകരണം ഉപയോഗിക്കാനോ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കരുത്.

വാല്‍ക്കഷണം: എന്നെ പെറ്റി അടിച്ച പോലീസുകാരനോട് എനിക്ക് യാതൊരു വിരോധവും ഇല്ല. അയാള്‍ അയാളുടെ ജോലി വൃത്തിയായി ചെയ്തു. അതിന് അയാളെ നിര്‍ബന്ധിതനാക്കിയ system, അതിനോടേ എനിക്ക് പരാതി ഉള്ളു.

അഞ്ഞൂറ് രൂപ പോയ വഴി.

ഞാന്‍ കൊടുത്ത ഒരു കൈക്കൂലിയെ പറ്റി എഴുതാനാണ് ഞാന്‍ ഈ പോസ്റ്റ് തുടങ്ങിയത്. ടൈപ്പിങ് മുഴുവന്‍ കഴിയുകയും ചെയ്തു. പിന്നെയാണ് ഞാന്‍ ഓര്‍ത്തത്‌. കൈക്കൂലി വാങ്ങിയ ആളുടെ അത്ര തന്നെ കുറ്റക്കരനാണ് കൊടുത്ത ഞാനും. മാത്രമല്ല അയാള്‍ ബലം പ്രയോഗിച്ച് എന്‍റെ കൈയ്യില്‍ നിന്ന് വാങ്ങിയതുമല്ല. അത് കൊണ്ട് ഞാന്‍ ഈ പോസ്റ്റിനെ വഴിയില്‍ ഉപേക്ഷിക്കുന്നു... ഗുഡ് ബൈ...